Wednesday, January 30, 2013

അവകാശവും അനുമതിയും

ഇന്നലെ സുഗീഷിട്ട ഒരു പ്ലസ് പോസ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതുന്നത്. സുഗീഷിന് അവിടെക്കൊടുത്ത മറുപടികൾ സംഗ്രഹിച്ച് ഇവിടെ പോസ്റ്റാക്കിയിരിക്കുന്നു.

പകർപ്പവകാശം, കോപ്പിറൈറ്റ്, ലൈസൻസ്, അനുമതി, ന്യായോപയോഗം എന്നിങ്ങനെ കുറേ പദങ്ങളുള്ളതിനാൽ ആദ്യംതന്നെ ഇവയെക്കുറിച്ച് വളരെക്കുറഞ്ഞവാക്കുകളിൽ വ്യക്തമാക്കുന്നു.

  • പകർപ്പവകാശം അഥവാ കോപ്പിറൈറ്റ് - ഒരു നിശ്ചിതകാലയളവിലേക്ക് ഒരു സൃഷ്ടിയുടെ മേൽ അതിന്റെ ഉടമസ്ഥനുള്ള അവകാശം
  • അനുമതി അഥവാ ലൈസൻസ് - ഉടമ, തനിക്കവകാശമുള്ള ഒരു സൃഷ്ടിയെ, ചില വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. ഈ വ്യവസ്ഥകളെയാണ് അനുമതി, അനുമതിപത്രം, ലൈസൻസ് എന്നൊക്കെപ്പറയുന്നത്. സി.സി.-ബൈ-എസ്.എ. ഇത്തരത്തിലുള്ള ഒരു ലൈസൻസാണ്.
ഇനി സുഗീഷിന്റെ സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒന്നൊന്നായി:

1. കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ അപ്ലോഡ് ചെയ്ത ഒരു പടം യാതൊരു കടപ്പാടും നൽകാതെ മറ്റൊരു വെബ്സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്വതന്ത്രമായി പ്രസിദ്ധീകരിച്ചതിനാൽ അപ്ലോഡ് ചെയ്തയാളുടെ അവകാശം നഷ്ടമായി. ഒരു കടപ്പാടുനൽകാൻപോലും കാലുപിടിക്കേണ്ടിവരുന്നു.

കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ച പടം കടപ്പാടുനൽകാതെ മറ്റൊരാൾ ഉപയോഗിക്കുന്നത് തെറ്റാണ്. ഇത്, എല്ലാ അവകാശങ്ങളും ഉടമയിൽ നിക്ഷിപ്തം എന്ന് നൽകി നിങ്ങൾ എവിടെയെങ്കിലും (ഉദാഹരണത്തിന് ഫ്ലിക്കറിൽ) പ്രസിദ്ധീകരിച്ച ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനു തുല്യംതന്നെ. രണ്ടാമത് പറഞ്ഞതുമാതിരി ഫ്ലിക്കറിൽ അപ്ലോഡ് ചെയ്ത ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിച്ചാൽ നിങ്ങൾ എന്തൊക്കെ നിയമനടപടി നടത്തും? അതേ നടപടികൾ തന്നെ കോമൺസിലെ ചിത്രത്തിന് കടപ്പാടുനൽകാതെ ഉപയോഗിച്ചാലും നിങ്ങൾക്ക് കൈക്കൊള്ളാം. വിക്കിമീഡിയ ഫൗണ്ടേഷൻ ഇത്തരം നടപടികളിൽ കക്ഷിചേരില്ല.
ഇതോടൊപ്പം, സി.സി.-ബൈ-എസ്.എ. ലൈസൻസിൽ എന്തിനാണ് പടം അപ്ലോഡ് ചെയ്യുന്നത് എന്നുകൂടി ചിന്തിക്കുക. നമ്മുടെ പടം നമ്മൾ പറയുന്ന വ്യവസ്ഥകളനുസരിച്ച്, (അതായത് കടപ്പാടും മറ്റും) മറ്റുള്ളവർക്ക് സ്വതന്ത്രസംരംഭങ്ങളിൽ ഉപയോഗിക്കാൻ കൊടുക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഇതിനുപകരം നിങ്ങൾ ഇതിനെ എല്ലാ അവകാശങ്ങളും നിക്ഷിപ്തം എന്നുപറഞ്ഞ് ഫ്ലിക്കറിലിടുകയും മുകളിൽപ്പറഞ്ഞപോലെ അനുവാദമില്ലാതെ അത് മറ്റാരെങ്കിലും ഉപയോഗിക്കുകയും ചെയ്തു എന്നിരിക്കട്ടെ. ഇവിടെയും കോമൺസിലിടുമ്പോൾ ചെയ്യുന്ന അതുപോലെയുള്ള നിയമനടപടികൾതന്നെ നിങ്ങൾ കൈക്കൊള്ളേണ്ടിവരും. ഇതുകൊണ്ടുള്ള ദോഷം എന്തെന്നാൽ, കടപ്പാടുനൽകി ന്യായമായി ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസംരംഭക്കാർ ഇത് ഉപയോഗിക്കുകയുമില്ല.

സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ഉടമക്ക് സൃഷ്ടിയുടെ മേലുള്ള അവകാശം നഷ്ടപ്പെടും എന്നത് സുഗീഷിന്റെ തെറ്റിദ്ധാരണയാണ്. ഈ ലൈസൻസിൽ പ്രസിദ്ധീകരിച്ചാലും പകർപ്പവകാശം ഉടമക്കുതന്നെയാണ്. ഉടമക്ക് വേണമെങ്കിൽ ഈ പടവും അവകാശവും മറ്റൊരാൾക്ക് വിൽക്കുന്നതിന് യാതൊരു തടസവുമില്ല. അതായത് പടം സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചതുകൊണ്ട് അതിലെ വ്യവസ്ഥകൾക്കുവിധേയമായി മറ്റുള്ളവർ ഉപയോഗിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയും, പകർപ്പവകാശ ഉടമ തനിക്കിഷ്ടമുള്ള രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യാം.
2. കോമ്മൺസിൽ സി.സി.-ബൈ-എസ്.എ ലൈസൻസ് പ്രകാരം കയറ്റുന്ന ചിത്രം അത് എന്റെ സ്വന്തം സൃഷ്ടി ആണ് എങ്കിൽ എനിക്ക് അത് നീക്കം ചെയ്യാൻ പറ്റുമോ?

പറ്റില്ല. സി.സി.-ബൈ-എസ്.എ. എന്നത് പിൻവലിക്കാനാവാത്ത ലൈസൻസാണ്. അതായത് ഒരിക്കൽ ആ ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ചിത്രം സ്വതന്ത്രമായി. നിങ്ങൾ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മറ്റുള്ളവർക്ക് നിർബാധം അതുപയോഗിക്കാം. അത് നിർത്താൻ സാധിക്കില്ല.

എന്നാൽ പടം നിങ്ങളുടേതല്ല എന്നുപറഞ്ഞ് കോമൺസിൽ കുറിപ്പിട്ടാൽ, അത് പ്രസ്തുതലൈസൻസിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിങ്ങൾക്കില്ലാത്തതുകൊണ്ട് കോമൺസിൽനിന്ന് അത് മായ്ക്കപ്പെടും.