Wednesday, January 30, 2013

അവകാശവും അനുമതിയും

ഇന്നലെ സുഗീഷിട്ട ഒരു പ്ലസ് പോസ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതുന്നത്. സുഗീഷിന് അവിടെക്കൊടുത്ത മറുപടികൾ സംഗ്രഹിച്ച് ഇവിടെ പോസ്റ്റാക്കിയിരിക്കുന്നു.

പകർപ്പവകാശം, കോപ്പിറൈറ്റ്, ലൈസൻസ്, അനുമതി, ന്യായോപയോഗം എന്നിങ്ങനെ കുറേ പദങ്ങളുള്ളതിനാൽ ആദ്യംതന്നെ ഇവയെക്കുറിച്ച് വളരെക്കുറഞ്ഞവാക്കുകളിൽ വ്യക്തമാക്കുന്നു.

  • പകർപ്പവകാശം അഥവാ കോപ്പിറൈറ്റ് - ഒരു നിശ്ചിതകാലയളവിലേക്ക് ഒരു സൃഷ്ടിയുടെ മേൽ അതിന്റെ ഉടമസ്ഥനുള്ള അവകാശം
  • അനുമതി അഥവാ ലൈസൻസ് - ഉടമ, തനിക്കവകാശമുള്ള ഒരു സൃഷ്ടിയെ, ചില വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. ഈ വ്യവസ്ഥകളെയാണ് അനുമതി, അനുമതിപത്രം, ലൈസൻസ് എന്നൊക്കെപ്പറയുന്നത്. സി.സി.-ബൈ-എസ്.എ. ഇത്തരത്തിലുള്ള ഒരു ലൈസൻസാണ്.
ഇനി സുഗീഷിന്റെ സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒന്നൊന്നായി:

1. കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ അപ്ലോഡ് ചെയ്ത ഒരു പടം യാതൊരു കടപ്പാടും നൽകാതെ മറ്റൊരു വെബ്സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്വതന്ത്രമായി പ്രസിദ്ധീകരിച്ചതിനാൽ അപ്ലോഡ് ചെയ്തയാളുടെ അവകാശം നഷ്ടമായി. ഒരു കടപ്പാടുനൽകാൻപോലും കാലുപിടിക്കേണ്ടിവരുന്നു.

കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ച പടം കടപ്പാടുനൽകാതെ മറ്റൊരാൾ ഉപയോഗിക്കുന്നത് തെറ്റാണ്. ഇത്, എല്ലാ അവകാശങ്ങളും ഉടമയിൽ നിക്ഷിപ്തം എന്ന് നൽകി നിങ്ങൾ എവിടെയെങ്കിലും (ഉദാഹരണത്തിന് ഫ്ലിക്കറിൽ) പ്രസിദ്ധീകരിച്ച ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനു തുല്യംതന്നെ. രണ്ടാമത് പറഞ്ഞതുമാതിരി ഫ്ലിക്കറിൽ അപ്ലോഡ് ചെയ്ത ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിച്ചാൽ നിങ്ങൾ എന്തൊക്കെ നിയമനടപടി നടത്തും? അതേ നടപടികൾ തന്നെ കോമൺസിലെ ചിത്രത്തിന് കടപ്പാടുനൽകാതെ ഉപയോഗിച്ചാലും നിങ്ങൾക്ക് കൈക്കൊള്ളാം. വിക്കിമീഡിയ ഫൗണ്ടേഷൻ ഇത്തരം നടപടികളിൽ കക്ഷിചേരില്ല.
ഇതോടൊപ്പം, സി.സി.-ബൈ-എസ്.എ. ലൈസൻസിൽ എന്തിനാണ് പടം അപ്ലോഡ് ചെയ്യുന്നത് എന്നുകൂടി ചിന്തിക്കുക. നമ്മുടെ പടം നമ്മൾ പറയുന്ന വ്യവസ്ഥകളനുസരിച്ച്, (അതായത് കടപ്പാടും മറ്റും) മറ്റുള്ളവർക്ക് സ്വതന്ത്രസംരംഭങ്ങളിൽ ഉപയോഗിക്കാൻ കൊടുക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഇതിനുപകരം നിങ്ങൾ ഇതിനെ എല്ലാ അവകാശങ്ങളും നിക്ഷിപ്തം എന്നുപറഞ്ഞ് ഫ്ലിക്കറിലിടുകയും മുകളിൽപ്പറഞ്ഞപോലെ അനുവാദമില്ലാതെ അത് മറ്റാരെങ്കിലും ഉപയോഗിക്കുകയും ചെയ്തു എന്നിരിക്കട്ടെ. ഇവിടെയും കോമൺസിലിടുമ്പോൾ ചെയ്യുന്ന അതുപോലെയുള്ള നിയമനടപടികൾതന്നെ നിങ്ങൾ കൈക്കൊള്ളേണ്ടിവരും. ഇതുകൊണ്ടുള്ള ദോഷം എന്തെന്നാൽ, കടപ്പാടുനൽകി ന്യായമായി ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസംരംഭക്കാർ ഇത് ഉപയോഗിക്കുകയുമില്ല.

സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ഉടമക്ക് സൃഷ്ടിയുടെ മേലുള്ള അവകാശം നഷ്ടപ്പെടും എന്നത് സുഗീഷിന്റെ തെറ്റിദ്ധാരണയാണ്. ഈ ലൈസൻസിൽ പ്രസിദ്ധീകരിച്ചാലും പകർപ്പവകാശം ഉടമക്കുതന്നെയാണ്. ഉടമക്ക് വേണമെങ്കിൽ ഈ പടവും അവകാശവും മറ്റൊരാൾക്ക് വിൽക്കുന്നതിന് യാതൊരു തടസവുമില്ല. അതായത് പടം സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചതുകൊണ്ട് അതിലെ വ്യവസ്ഥകൾക്കുവിധേയമായി മറ്റുള്ളവർ ഉപയോഗിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയും, പകർപ്പവകാശ ഉടമ തനിക്കിഷ്ടമുള്ള രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യാം.
2. കോമ്മൺസിൽ സി.സി.-ബൈ-എസ്.എ ലൈസൻസ് പ്രകാരം കയറ്റുന്ന ചിത്രം അത് എന്റെ സ്വന്തം സൃഷ്ടി ആണ് എങ്കിൽ എനിക്ക് അത് നീക്കം ചെയ്യാൻ പറ്റുമോ?

പറ്റില്ല. സി.സി.-ബൈ-എസ്.എ. എന്നത് പിൻവലിക്കാനാവാത്ത ലൈസൻസാണ്. അതായത് ഒരിക്കൽ ആ ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ചിത്രം സ്വതന്ത്രമായി. നിങ്ങൾ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മറ്റുള്ളവർക്ക് നിർബാധം അതുപയോഗിക്കാം. അത് നിർത്താൻ സാധിക്കില്ല.

എന്നാൽ പടം നിങ്ങളുടേതല്ല എന്നുപറഞ്ഞ് കോമൺസിൽ കുറിപ്പിട്ടാൽ, അത് പ്രസ്തുതലൈസൻസിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിങ്ങൾക്കില്ലാത്തതുകൊണ്ട് കോമൺസിൽനിന്ന് അത് മായ്ക്കപ്പെടും.

Tuesday, October 4, 2011

ഒന്നു മുഖം മിനുക്കിയാലോ?

മൂന്നു വർഷം മുൻപാണ് മലയാളം വിക്കിപീഡിയയുടെ പ്രധാന താൾ സാദിക്ക് പുതുക്കിയത്. അന്നത്തെ സ്വതേയുള്ള സ്കിന്നായിരുന്ന മോണോബുക്കിന് തികച്ചും അനുരൂപമായ ഡിസൈൻ ആയിരുന്നു അത്. എന്നാൽ വിക്കിപീഡിയയുടെ സ്വതേയുള്ള സ്കിൻ, വെക്റ്ററിലേക്ക് മാറിയപ്പോൾ നിലവിലുള്ള പ്രധാന താളിന്റെ രൂപം അതിന് യോജിച്ചതല്ല എന്ന അഭിപ്രായമുയർന്നിട്ടുണ്ട്. അതുപോലെ ഇടക്കിടെ മുഖം മിനുക്കുന്നതും നല്ലതാണല്ലോ.

വിക്കിപീഡിയയിലെ താരതമ്യേന പുതിയ അംഗമായ നിജിൽ രവി ഒരു പുതിയ രൂപം അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരും അഭിപ്രായങ്ങളറിയിക്കൂ. അല്ലെങ്കിൽ സ്വന്തമായി ഒരു ഡിസൈൻ അവതരിപ്പിക്കൂ.

Saturday, October 1, 2011

വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷന്‍


വിക്കിഗ്രന്ഥശാലയിലെ പുതിയ ഡിജിറ്റൈസിങ് സങ്കേതത്തെ പരിചയപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്. ഇംഗ്ലീഷ് വിക്കിസോഴ്സിലും മറ്റും വളരെയധികം ഉപയോഗിക്കുന്ന ഈ രീതി പക്ഷേ ഇതരഭാഷാ വിക്കികളില്‍ വളരെ കുറവേ കാണുന്നുള്ളൂ. അതത് ഭാഷകള്‍ക്കുള്ള OCR സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇതിന് കാരണം.  മലയാളം OCR ന്റെ വികസനത്തിനും ഈ വിക്കി ഗ്രന്ഥശാലാ  പദ്ധതികള്‍ ഉപകരിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
വിക്കിഗ്രന്ഥശാലയില്‍ എന്ത് ചെയ്യാനാകും. എങ്ങനെ സഹായിക്കാനാകും എന്ന് ചിന്തിച്ച് നില്ക്കുന്നവര്‍ക്ക് ഈ പോസ്റ്റ് സഹായിക്കും എന്ന് കരുതുന്നു.
സാധാരണ ഉപയോഗിക്കുന്ന പിഡിഎഫ് ഫോര്‍മാറ്റിന് പകരം ദേജാവൂ എന്ന സ്വതന്ത്ര ഫോര്‍മാറ്റാണ് സ്കാന്‍ ചെയ്ത പുസ്തകത്തിന് ഉപയോഗിക്കുന്നത്. ഇത് എങ്ങനെ ഉണ്ടാക്കാം/പിഡിഎഫിനെ രൂപമാറ്റം നടത്തിയെടുക്കാം എന്ന് ഇവിടെ [S:Help:DjVu_files] നിന്നും മനസ്സിലാക്കാം.
ഒരോ പുസ്തകത്തിന്റേയും സൂചുകാ (ഇന്റക്സ്) പേജിലാണ് ഡിജിറ്റൈസേഷന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുക.
ദൂതവാക്യം ഗദ്യം എന്ന പുസ്തകത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ശ്രദ്ധിക്കുക.

സൂചികാ താള്‍ (ദൂതവാക്യം ഗദ്യം)
ചുവന്ന വൃത്തത്തില്‍ കാണിച്ചിരിക്കുന്ന താളുകള്‍ എന്ന വിഭാഗത്തില്‍ ഓരോ താളുകളുടേയും അവസ്ഥ കാണാം.
ഓരോ നിറങ്ങളും ഓരോ അവസ്ഥയെ സൂചിപ്പിക്കുന്നു.
ചുവന്ന ലിങ്കുകള്‍ ശൂന്യമായ താളുകളാണ്. അവ ടൈപ്പ് ചെയ്ത് സൃഷ്ടിക്കേണ്ടിയിരിക്കുന്നു.
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
സാധുകരിച്ചവ (രണ്ട് പ്രാവശ്യം തെറ്റുതിരുത്തല്‍ വായന കഴിഞ്ഞവ)
എഴുത്ത് ഇല്ലാത്തവ 
പ്രശ്നമുള്ളവ

ഇതില്‍ നിന്നും പ്രൂഫ് റീഡ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് റോസ് നിറത്തിലുള്ള പേജുകളിലേയ്ക്ക് പോകാം. ടൈപ്പ് ചെയ്യേണ്ടവര്‍ക്ക് ചിവന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് അതത് താളുകള്‍ സൃഷ്ടിക്കാം.

ഒരു താള്‍ തുറന്നാല്‍ കാണുന്നതിന്റെ മാതൃകയാണ് താഴെ.

ഒരു താളിന്റെ ഘടന
വലത് ഭാഗത്ത് കറുത്ത വൃത്തത്തില്‍ കാണുന്നതാണ് സ്കാന്‍ ചെയ്ത പേജിന്റെ ചിത്രം. ഇടത് ഭാഗത്തായി ടൈപ്പ് ചെയ്യാനുള്ല ഒരു സ്ഥലം കാണാം. സാധാരണ വിക്കിയുടെ പണിയിടം പോലെ തന്നെ. മഞ്ഞ ചതുരത്തില്‍ ഉപയോഗിക്കാവുന്ന ഫോര്‍മാറ്റിങ് ടൂളുകളും കാണാം. ഗ്രന്ഥശാലയില്‍ ഇത് വല്ലപ്പോഴുമേ ആവശ്യം വരാറുള്ളൂ.
വലതുഭാഗത്തെ ചിത്രത്തില്‍ കാണുന്ന അക്ഷരങ്ങള്‍ ഇടത് ഭാഗത്ത്  ടൈപ്പ് ചെയ്യുക മാത്രമാണ് ജോലി. പേജ് സൃഷിക്കാന്‍ നേരത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതെല്ലാം ഡെലിറ്റ് ചെയ്ത് കളയുക. വിക്കിയിലെ OCR സംവിധാനം പ്രവര്‍ത്തിച്ച് കിട്ടുന്ന അക്ഷരങ്ങളാണിതെല്ലാം. മലയാലത്തിന് ഇത് ഉപകാരമായിട്ടില്ല.
ഇനി സേവ് ചെയ്യുന്നതിന് മുമ്പായി താളിന്റെ തല്സ്ഥിതി എന്നതിലെ കളര്‍ ബട്ടണുകള്‍ തിരെഞ്ഞെടുക്കണം.(നേരത്തെ പറഞ്ഞ കളറുകള്‍ തന്നെ) ആ റേഡിയോ ബട്ടണ്‍ ഞെക്കുമ്പോല്‍ ചുരുക്കം   എന്ന കള്ളിയില്‍ അതിനനുയോജ്യമായ വാചകം വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തു താള്‍ സേവ് ചെയ്യക എന്നത് ക്ലിക്ക് ചെയ്യുക.
ഇത്രേ ഉള്ളൂ കാര്യം. വളരെ എളുപ്പത്തില്‍ എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. മലയാളം ടൈപ്പിങ്ങ് അറിയാമെങ്കില്‍ ചിലവിടാന്‍ കുറച്ച് സമയമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമാണ്. നമ്മുടെ കഴിഞ്ഞ കാലത്തെ അമൂല്യ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച് വയ്ക്കേണ്ടത് ഓരോരുത്തരൂടേയും കടമയാണ്. ഇത്തിരി സമയം കിട്ടിയാല്‍ ഇവിടെയെത്തി രണ്ട് പേജ് പ്രൂഫ് വായിക്കാനോ ഒരു പേജ് ടൈപ്പ് ചെയ്യാനോ അധികം ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാവിലെന്ന് കരുതുന്നു. ഇതുപോലെ നൂറുകണക്കിന് ആളുകളുടെ ശ്രമഫലമായിട്ടാണ് വിക്കിഗ്രന്ഥശാല ഈ വിധം വളര്‍ന്നത്.
ഭാഷെയെ സ്നേഹിക്കുവെങ്കില്‍ നിങ്ങളും ഇതില്‍ പങ്കാളിയാണെന്ന് ഉറപ്പുവരുത്തുക. അഭിമാനിക്കുക. :)
ഓഫ് ലൈനായി ഇത് ചെയ്യാനാകുമോ ?
ഇതിനെ വിക്കിഗ്രന്ഥശാല പ്രോത്സാഹിപ്പിക്കുന്നില്ല. കാരണമെന്തെന്നാല്‍ ഓഫ്ലൈനായി ടൈപ്പ് ചെയ്ത് വിക്കിയില്‍ ചേര്‍ക്കാന്‍ വര്മ്പോഴേക്കും വേറെ ആരെങ്കിലും അത് ചെയ്യാന്‍ സാധ്യതയുണ്ട്. ഡ്യൂപ്ലിക്കേഷന്‍ നടന്നേക്കാം . എന്നിരുന്നാലും ഞാന്‍ ഈ താള്‍ ടൈപ്പ് ചെയ്യുന്നു എന്ന് പ്രസ്തുത താളിലോ അല്ലെങ്കില്‍ അതിന്റെ സംവാദം താളിലോ കുറീപ്പായി ഇട്ട് ഓഫ്ലൈനായി ടൈപ്പ് ചെയ്യാവുന്നതാണ്.  ഏറ്റവും മുകളില്‍ ചിത്രം എന്നതില് ക്ലിക്ക് ചെയ്താല്‍ അതിന്റെ ചിത്രരൂപം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഓഫ്ലൈനായി ടൈപ്പ് ചെയ്ത ശേഷം എത്രയും വേഗത്തില്‍ അത് വിക്കിയിലോട്ട് പുതുക്കുക.
പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തങ്ങള്‍ കയ്യിലുണ്ട്. 
പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തങ്ങളുടെ സ്കന്‍ ചെയ്തോ/ഫോട്ടോ എടുത്തോ  സംഭാവന ചെയ്യാനാകുമെങ്കില്‍ http://groups.google.com/group/mlwikilibrarians എന്ന ഗൂഗിള്‍ ഗ്രൂപ്പുമായി ബന്ധപ്പെടുക. സ്കാന്‍ ചെയ്യുകയാണെങ്കില്‍ 300dpi യില്‍ സ്കാന്‍ ചെയ്യുന്നത് ഉചിതം. ഭാവിയിലെ OCR പരീക്ഷണങ്ങള്‍ക്ക് സഹായിച്ചേക്കും. ഗ്രന്ഥശാലയില്‍ വായിക്കാനാകുന്ന ക്ലാരിറ്റിയിലുള്ള സ്കാനുകള്‍ ആയാലും മതിയാകും.  വിക്കി ഗ്രന്ഥശാലയിലോ വിക്കിമീഡീയ കോമണ്‍സിലോ ഇത് അപ്ലോഡ് ചെയ്യാവുന്നതാണ്.
ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങളുടെ പട്ടിക എവിടെ കിട്ടും ?
djvu ഫോര്‍മാറ്റില്‍  സ്കാന്‍ ചെയ്ത് ടൈപ്പിങ്ങിന് റെഡിയായി നില്ക്കുന്ന (അവസ്ഥ കളര്‍ കോഡ് നോക്കി മനസ്സിലാക്കാം) പുസ്തകങ്ങളുടെ പട്ടിക http://ml.wikisource.org/wiki/Special:IndexPages
വിക്കിഗ്രന്ഥശാലയിലെ വിവിധപദ്ധതികളെകുറിച്ചുള്ള വിവരങ്ങള്‍ വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി
ദേജാവൂ രീതിയില്‍ ഡിജിറ്റൈസ് ചെയ്ത ചില പുസ്തകങ്ങള്‍
സംശയങ്ങളുണ്ടെങ്കില്‍ വിക്കിഗ്രന്ഥശാലയില്‍ സംവാദം താളുകളിലോ വിക്കിഗ്രന്ഥശാലയുടെ ഗൂഗില്‍ ഗ്രൂപ്പിലോ ചോദിക്കുക.
ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം –മനോജ്‌ .കെ 01:30, 1 ഒക്ടോബര്‍  2011 (UTC)
CC BY-SA
വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷന്‍ എന്ന നോജ്.കെ യുടെ പോസ്റ്റ് blog.manojkmohan.com നെ അടിസ്ഥാനപ്പെടുത്തി  ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര (കടപ്പാട്, സമാനമായ അനുമതിപത്രം, എന്നിവ നൽകുക)   പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, August 25, 2011

ഓണം മാരത്തോൺ 2011 - സ്വപ്നത്തിന് ചിറകു വെക്കുന്നു.

വിക്കിപീഡിയയിലും ഗ്രന്ഥശാലയിലും വിലസുന്ന മനോജിന്റെ ഉപയോക്തൃതാളിന്റെ സ്ക്രീൻഷോട്ടാണിത്.

പത്തുപതിനഞ്ചു ദിവസം മുൻപ്, ഇതിലെ സംഖ്യകൾ യഥാക്രമം 1000, 33, 30 ഒക്കെയായിരുന്നു. ആയിരം ലേഖനങ്ങൾ തികയാൻ ഏതാണ്ട് മൂന്നുമാസമെടുക്കുന്ന നമ്മുടെ വിക്കിയെപ്പറ്റി ആലോചിക്കുമ്പോൾ നാടോടിക്കാറ്റിലെ വിജയന്റെ ഡയലോഗ് എത്ര മനോഹരമായ നടക്കാത്ത സ്വപനം ഓർമ്മവന്നിരുന്നു. എന്നാൽ പത്തുപതിനഞ്ചു ദിവസം കഴിയുമ്പോൾ 33 എന്നത് 35 മാത്രമായി നിൽക്കുമ്പോൾ ഇത് തീർച്ചയായും നടക്കും എന്നുതന്നെ മനസ് പറയുന്നു.

ഇരുപതിനായിരം പടിവാതിക്കലെത്തിനിൽക്കുമ്പോൾ ഈ ഉദ്യമത്തിലേക്ക് തങ്ങളുടെ സംഭാവനയർപ്പിക്കാൻ എല്ലാ വിക്കിപീഡിയരേയും സ്വാഗതം ചെയ്യുകയാണ്.

(പ്രത്യേകിച്ച് ഇപ്പോൾ സജീവമല്ലാത്ത പഴയതലമുറക്കാരേ.. സിമീ, ചള്ളിയാൻ, മഞ്ജിത്ത്, റസിമാൻ, ജിഗേഷ് ...... ഓരോ കൈ വെക്കൂ.. നമുക്കിത് 14 അല്ല, 4 ദിവസം കൊണ്ട് എത്തിക്കാം.)